Auto
Trending

2027 നകം 7 വൈദ്യുത വാഹനങ്ങൾ വിപണിയിലെത്തിക്കാനൊരുങ്ങി കിയ

വൈദ്യുത വാഹന മേഖലയിൽ തങ്ങളുടെ സ്ഥാനമുറപ്പിക്കാനൊരുങ്ങുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ മോട്ടോഴ്സ്. 2027 നകം 7 പുതിയ വൈദ്യുത വാഹനങ്ങൾ(ഇവി) ആഗോള വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനിയിപ്പോൾ. പുത്തൻ ഇ വി ശ്രേണിയുമായി വിപണിയിലെ എല്ലാ മേഖലകളിലുമിടം നേടാനും കമ്പനിക്ക് പദ്ധതിയുണ്ട്. നിലവിൽ സിവി എന്ന കോഡ് നാമത്തിൽ വികസന ഘട്ടത്തിലുള്ള വൈദ്യുത കാർ അടുത്തവർഷം വിപണിയിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷമാദ്യം കിയ പ്രഖ്യാപിച്ച പ്ലാൻ എസ് മാർക്കറ്റിംഗ് തന്ത്രത്തിന്റെ ഭാഗമായാണ് ഈ വൈദ്യുത വാഹനങ്ങളുടെ അവതരണം.

പുതുതായവതരിപ്പിക്കുന്നവയടക്കം ബാറ്ററിയിൽ ഓടുന്ന 11 മോഡലുകൾ വിപണിയിലിറക്കാനാണ് കിയയുടെ തീരുമാനം. മാതൃസ്ഥാപനമായ ഹ്യുണ്ടായിയുടെ വൈദ്യുത വാഹന ഉപബ്രാൻഡായ അയോണിക്കിന് അടിത്തറയാവുന്ന ഇലക്ട്രിക്ട ഗ്ലോബൽ മൊഡ്യുലാർ പ്ലാറ്റ്ഫോം തന്നെയാവും കിയയും ആശ്രയിക്കുക. കിയയുടെ വികസന ഘട്ടത്തിലുള്ള ഇലക്ട്രിക് വാഹനങ്ങളുടെ അടിത്തറയും ഇതുതന്നെയാണ്. വൈദ്യുത വാഹന മേഖലയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ രൂപകല്പന ശൈലി സ്വീകരിക്കാനും കിയ തയ്യാറെടുക്കുന്നുണ്ട്. ആദ്യ മോഡലായ സി വി മുതൽ തന്നെ ഈ രൂപമാറ്റം പ്രകടമായി തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതോടൊപ്പം ഉപഭോക്താക്കളുടെ താൽപര്യത്തിൽ വന്ന മാറ്റങ്ങളുടെ ഭാഗമായി സബ്സ്ക്രിപ്ഷൻ സർവീസും ബാറ്ററി ലീസിംഗും വാഹനം വാടകയ്ക്കോ ദീർഘകാല പാട്ടത്തിനോ നൽകുന്ന പദ്ധതിയും ആവിഷ്കരിക്കാനും കിയ തയ്യാറെടുക്കുന്നുണ്ട്. ഒപ്പം വൈദ്യുത വാഹന സർവീസിങ്ങിനുള്ള വർക്ക്ബേകളുടെ എണ്ണം ഇക്കൊല്ലം അവസാനത്തോടെ 600 ആയി ഉയർത്താനും 2023 ആവുന്നതോടെ 2000 ആയി ഉയർത്തുവാനും കമ്പനി ശ്രമങ്ങൾ നടത്തുന്നുണ്ട്.

Related Articles

Back to top button