Auto
Trending

ബെന്‍സിന്റെ രണ്ടാം ഇ.വിയും എത്തി

ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡീസ് ബെന്‍സിന്റെ ഇന്ത്യന്‍ വിപണിക്കായി രണ്ടാമത്തെ ഇലക്ട്രിക് മോഡല്‍ അവതരിപ്പിച്ചു.മെഴ്‌സിഡീസ് എ.എം.ജി. ഇ.ക്യു.എസ്. പ്ലസ് ഫോര്‍മാറ്റിക് എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക് സെഡാന് 2.45 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില.ഒക്ടോബര്‍ മാസത്തോടെ വിപണിയില്‍ എത്തുന്ന ഈ വാഹനം വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ അസംബിള്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

എ.എം.ജി. സ്‌റ്റൈലിലാണ് ഇലക്ട്രിക് പതിപ്പിന്റെ എക്സ്റ്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഡിജിറ്റല്‍ ലൈറ്റ് ഹെഡ്‌ലാമ്പുകള്‍, ക്രോമിയം വെര്‍ട്ടിക്കിൾ സ്ലാറ്റുകള്‍ നല്‍കിയിട്ടുള്ള ഗ്രില്ല്, സ്റ്റൈലിഷായി ഡിസൈന്‍ ചെയ്തിട്ടുള്ള ബമ്പര്‍, എന്നിവയാണ് മുഖം അലങ്കരിക്കുന്നത്. വേരിയന്റുകള്‍ക്ക് അനുസരിച്ച് 21, 22 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകളാണ് വശങ്ങളുടെ സൗന്ദര്യം. വലിയ സ്‌പോയിലര്‍, അപ്രണ്‍, എയറോഡൈനാമിക ഒപ്റ്റിമൈസ് ഡിഫ്യൂസര്‍ എന്നിവ പിന്‍ഭാഗത്തും നല്‍കിയിട്ടുണ്ട്.സ്‌പോര്‍ട്ടി ഭാവത്തിനൊപ്പം ആഡംബരവും നല്‍കിയാണ് അകത്തളം ഒരുക്കിയിരിക്കുന്നത്. MBUX ഹൈപ്പര്‍ സ്‌ക്രീനാണ് സെന്റര്‍ കണ്‍സോളിനെ ആകര്‍ഷകമാക്കുന്നത്. മെഴ്‌സിഡീസിന്റെ സിഗ്നേച്ചര്‍ സ്റ്റിയറിങ്ങ് വീല്‍, എ.എം.ജി. ഗ്രാഫിക്‌സുകളും മാന്‍ മെയ്ഡ് ലെതര്‍ ആവരണവുമുള്ള സീറ്റുകള്‍, നാപ്പ ലെതറില്‍ പൊതിഞ്ഞ അപ്‌ഹോള്‍സ്ട്രി എന്നിവയാണ് അകത്തലത്തിന് ആഡംബരമേകുന്നത്. ആംബിയന്റ് ലൈറ്റിങ്ങ് പോലുള്ള സംവിധാനങ്ങള്‍ ഇന്റീരിയറിനെ സ്‌റ്റൈലിഷാക്കും.എ.എം.ജി. ഇ.എ പ്ലാറ്റ്‌ഫോമിലാണ് ഈ ഇലക്ട്രിക് സെഡാന്‍ ഒരുങ്ങിയിട്ടുള്ളത്. 107.8 കിലോവാട്ട് ബാറ്ററി പാക്കാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. 658 ബി.എച്ച്.പി. പവറും 950 എന്‍.എം. ടോര്‍ക്കുമേകുന്ന രണ്ട് ഇലക്ട്രിക് മോട്ടോറാണ് ഈ ഇലക്ട്രിക് വാഹനത്തിന് കുതിപ്പേകുന്നത്. ഏറ്റവും മികച്ച പെര്‍ഫോമെന്‍സും യാത്ര അനുഭവവും ഉറപ്പാക്കുന്നതിനായി മുന്നില്‍ ഫോര്‍ ലിങ്ക് ആക്‌സിലും പിന്നിലും മള്‍ട്ടി ലിങ്ക് ആക്‌സിലുമാണ് നല്‍കിയിട്ടുള്ളത്.ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 570 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ശേഷിയാണ് ഈ ആഡംബര ഇലക്ട്രിക് സെഡാനുള്ളത്. ഓപ്ഷണല്‍ പാക്കേജ് മോഡലില്‍ 3.4 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷിയും സ്റ്റാന്റേഡ് മോഡലില്‍ 3.8 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗതയെടുക്കാനുള്ള കരുത്തുമാണുള്ളത്.

Related Articles

Back to top button