
2021 ഓടെ കമ്പ്യൂട്ടറുകളും സ്മാർട്ട്ഫോണുകളും അൺലോക്ക് ചെയ്യുന്ന രീതി പാടെ മാറ്റാൻ ഒരുങ്ങുകയാണ് സോഫ്റ്റ്‌വെയർ ഭീമൻ മൈക്രോസോഫ്റ്റ്. പാസ്‌വേർഡുകളില്ലാത്ത ഭാവിയിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണിത്. പ്രതിദിനം ഏകദേശം 250ലധികം ബിസിനസ് സ്ഥാപനങ്ങളുടെ അക്കൗണ്ടുകളാണ് ഹാക്ക് ചെയ്യപ്പെടുന്നതെന്ന് മൈക്രോസോഫ്റ്റ് പറയുന്നു. ഇവയിൽ 80 ശതമാനവും പാസ്‌വേഡ് തട്ടിയെടുത്തുള്ള ആക്രമണങ്ങളാണ്.

ഇതാണ് പാസ്‌വേഡുകൾക്കപ്പുറമുള്ള സുരക്ഷയെക്കുറിച്ച് ചിന്തിക്കാൻ മൈക്രോസോഫ്റ്റിനെ പ്രേരിപ്പിച്ചത്. 2019 നവംബറിൽ നടത്തിയ മൈക്രോസോഫ്റ്റ് ഇഗ്നൈറ്റ് എന്ന പരിപാടിയിൽ പാസ്പോർട്ട് രഹിത സൈൻ ഇൻ ആസ്വദിക്കുന്ന 10 കോടി ഉപഭോക്താക്കൾ തങ്ങൾക്കുണ്ടെന്ന് കമ്പനി അറിയിച്ചിരുന്നു. 2020 മെയിലെ പാസ്പോർട്ട് ദിനത്തിൽ ഇത് 15 കോടിയായി ഉയർന്നിരുന്നു. ഇത്തരം ഉപഭോക്താക്കളെല്ലാം ബയോമെട്രിക്സാണ് തങ്ങളുടെ അക്കൗണ്ടുകൾ തുറക്കാൻ ഉപയോഗിക്കുന്നത്. എന്നാൽ 2021 ൽ സമ്പൂർണമായും പാസ്പോർട്ട് രഹിത രീതിയിലേക്ക് മാറാനാണ് കമ്പനി ശ്രമിക്കുന്നത്. ഇതിനായി എഫ്ഐഡിഒ2 സുരക്ഷാ കീകൾ മാനേജ് ചെയ്യാൻ പുതിയ യുഎക്സും എപിഐയും കമ്പനി നൽകും. മൈ ആപ്പ്സ് പോർട്ടലിലൂടെ ഉപഭോക്താക്കൾക്ക് തങ്ങളുടെ പാസ്സ്‌വേർഡ്ലെസ് തെളിവുകൾ നിയന്ത്രിക്കാനും സാധിക്കുമെന്ന് കമ്പനി പറയുന്നു.