
ഉൽപ്പന്ന നിർമ്മാണ മേഖലക്ക് ഉണർവേകാൻ രണ്ട് ലക്ഷം കോടി രൂപയുടെ ആനുകൂല്യങ്ങൾ കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഉൽപ്പന്ന നിർമ്മാണവുമായി ബന്ധപ്പിച്ച ആനുകൂല്യ പദ്ധതി പ്രകാരമാണിത്. കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് കൂടുതൽ ഉൽപ്പന്നങ്ങൾ നിർമ്മിച്ച് കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുന്നതിന് ആണ് പദ്ധതി നടപ്പാക്കുന്നത്.

അഞ്ചുവർഷം കൊണ്ടായിരിക്കും കമ്പനികൾക്ക് ഇത്രയും തുകയുടെ ആനുകൂല്യങ്ങൾ ലഭിക്കുക. ഗുഡ്സ് മാനുഫാക്ചറിങ്, ഫാർമ, സ്റ്റീൽ, ടെലികോം, ഭക്ഷ്യ ഉൽപ്പന്ന നിർമ്മാണം, സൗരോർജം, ടെക്സ്റ്റൈൽ തുടങ്ങി പത്ത് മേഖലകൾക്കായാണ് പുതുതായി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. വാഹന ഘടകഭാഗം നിർമ്മിക്കുന്ന കമ്പനികൾക്ക് പരമാവധി 57,000 കോടി രൂപയുടെ ആനുകൂല്യങ്ങളാണ് ലഭിക്കുക. ഇലക്ട്രോണിക്സ്, സ്മാർട്ട്ഫോൺ നിർമാണ കമ്പനികൾക്ക് പിഎൽഐ സ്കീം പ്രകാരം നേരത്തെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഇതിൻറെ ഭാഗമായി സാംസങ്, ആപ്പിൾ നിർമ്മാതാക്കളായ ഫോക്സ്കോൺ, പെഗാട്രോൺ എന്നീ വിദേശ കമ്പനികൾക്ക് രാജ്യത്ത് നിർമ്മാണശാലകൾ നിർമ്മിക്കാൻ ആനുകൂല്യങ്ങൾ നൽകിയിരുന്നു. കൂടാതെ മൈക്രോമാക്സ് പോലുള്ള ഇന്ത്യൻ കമ്പനികൾക്കും പദ്ധതിപ്രകാരം ഗുണം ലഭിച്ചു.