Big B
Trending

പതിനഞ്ചാം ധനകാര്യ കമ്മീഷൻ റിപ്പോർട്ട് രാഷ്ട്രപതിക്ക് സമർപ്പിച്ചു

രാജ്യത്തെ പതിനഞ്ചാം ധനകാര്യ കമ്മീഷൻ 2021-22 മുതൽ 2025-26 വരെയുള്ള കാലയളവിലേക്കുള്ള റിപ്പോർട്ട് രാഷ്ട്രപതിക്ക് സമർപ്പിച്ച. നാലു വാല്യങ്ങളുള്ള ഈ റിപ്പോർട്ടും ശുപാർശകളുടെ അടിസ്ഥാനത്തിലുള്ള നടപടി രേഖയും സർക്കാർ പാർലമെൻറിൽ അവതരിപ്പിച്ചതിനു ശേഷം പരസ്യപ്പെടുത്തുമെന്ന് കമ്മീഷൻ അറിയിച്ചു. കോവിഡ് കാലത്തെ ധനകാര്യകമ്മീഷൻ എന്ന പേരിലുള്ള റിപ്പോർട്ടാണിത്. കേന്ദ്രവും സംസ്ഥാനങ്ങളും ആരോഗ്യമേഖലയിൽ കൂടുതൽ പണം ചെലവഴിക്കാനുള്ള നിർദ്ദേശങ്ങളും ഈ റിപ്പോർട്ടിലുണ്ട്.

മൊത്തം 2.4 ലക്ഷം കോടി രൂപയുടെ നിധി രൂപീകരിക്കണമെന്നാണ് കമ്മീഷൻ ശുപാർശയെന്ന് സൂചനകളുണ്ട്. ഇതിനായി കേന്ദ്രത്തിൻറെ സഞ്ചിത നിധിയിൽ നിന്ന് 1.5 ലക്ഷം കോടി രൂപ ലഭ്യമാക്കുക, പ്രതിരോധ സ്ഥാപനങ്ങളുടെ ആസ്തികളും ഓഹരികളും വിറ്റ് ബാക്കി തുക കണ്ടെത്തുക തുടങ്ങിയ ശുപാർശകളുമുണ്ട്. ഇതിനു പുറമെ അടുത്ത വർഷം സംസ്ഥാനങ്ങൾ ബജറ്റിൽ 8 ശതമാനം വരെയും ജിഡിപിയുടെ 2.5 ശതമാനവും ആരോഗ്യ മേഖലയ്ക്കായി നീക്കിവെക്കണമെന്നും ശുപാർശയുണ്ടെന്നാണ് സൂചന. നികുതിവരുമാനം കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ വീതം വയ്ക്കേണ്ടതെങ്ങനെ എന്നതിനുപുറമേ പ്രതിരോധം, ആഭ്യന്തര സുരക്ഷ എന്നിവയ്ക്കുള്ള പണത്തിനായി സംവിധാനങ്ങളുണ്ടാക്കുന്നതിനെക്കുറിച്ചും ശുപാർശകൾ നൽകണമെന്ന് കമ്മീഷനോട് സർക്കാർ ആവശ്യപ്പെട്ടിരുന്നു. കേരളമുൾപ്പെടെ 14 സംസ്ഥാനങ്ങൾക്ക് റവന്യൂകമ്മിയുണ്ടാകുമെന്ന് കഴിഞ്ഞ ഫെബ്രുവരിയിലെ ഇടക്കാല റിപ്പോർട്ടിൽ കമ്മീഷൻ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോഴിത് മൂന്ന് സംസ്ഥാനങ്ങൾക്കു കൂടി ഉണ്ടാകുമെന്ന് വിലയിരുത്തലുണ്ടെന്നും സൂചനകളുണ്ട്.

Related Articles

Back to top button