Big B
Trending

ശമ്പള കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു

സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള വർദ്ധന സംബന്ധിച്ച് പതിനൊന്നാം ശമ്പള കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു. കുറഞ്ഞ ശമ്പളം 23,000 രൂപയാക്കി ഉയർത്താനും പുതുക്കിയ ശമ്പളത്തിന് 2019 ജൂലൈ ഒന്നു മുതൽ മുൻകാല പ്രാബല്യം നൽകാനും റിപ്പോർട്ടിൽ കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്. ഉയർന്ന ശമ്പളം 1,66,800 രൂപയാണ്. ഒപ്പം കുറഞ്ഞ ഇൻഗ്രിമെൻറ് 700 രൂപയും കൂടിയത് 3400 രൂപയുമായിരിക്കും.


ഈ വർഷം വിരമിക്കുന്നവർക്ക് ഒരു വർഷത്തെ സർവീസ് നീട്ടി നൽകണമെന്നും കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്. ഇതിലൂടെ ഇരുപതിനായിരത്തിലധികം ജീവനക്കാരുടെ വിരമിക്കൽ വൈകിപ്പിച്ച് 5,700 കോടി രൂപയുടെ ചെലവ് നീട്ടി വെക്കാമെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു. ഒപ്പം വില്ലേജ് ഓഫീസർമാർക്ക് 1500 രൂപ സ്പെഷ്യൽ അലവൻസ് നൽകാൻ ശുപാർശയുണ്ട്. വീട് വാടക അലവൻസ് കോർപ്പറേഷനിൽ അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനവും മുനിസിപ്പാലിറ്റികളിൽ 8,6 എന്നിങ്ങനെയും പഞ്ചായത്ത് പ്രദേശങ്ങളിൽ നാല് ശതമാനവും നൽകാൻ റിപ്പോർട്ടിൽ നിർദേശമുണ്ട്. ഇതനുസരിച്ച് ഏറ്റവും കുറഞ്ഞ വീട് വാടക അലവൻസ് 1200 രൂപയും കൂടിയത് 10,000 രൂപയുമാകും. പെൻഷൻ ഗ്രാറ്റുവിറ്റി തുക സീലിംഗ് 14 ലക്ഷത്തിൽ നിന്ന് 17 ലക്ഷമാക്കാനും നിർദേശമുണ്ട്. ഒപ്പം പെൻഷൻ കണക്കാക്കുന്ന രീതിയിലും മാറ്റം വരുത്തുന്നു. നിലവിലെ 10 മാസത്തെ ശരാശരി കണക്കാക്കുന്ന രീതിക്ക് പകരം അവസാനം വാങ്ങിയ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ പെൻഷൻ നിർണയിക്കും. പാർട്ട് ടൈം,കണ്ടിജൻറ് ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ ശമ്പളം 11,500 രൂപയും കൂടിയ ശമ്പളം 22,970 രൂപയാക്കാനും കമ്മീഷൻ ശുപാർശ ചെയ്യുന്നുണ്ട്. ശമ്പള പെൻഷൻ പരിഷ്കരണങ്ങളുടെ ഭാഗമായി സർക്കാറിന് 4810 കോടി രൂപയുടെ അധികബാധ്യതയുണ്ടാകും. അഞ്ചുവർഷത്തിലൊരിക്കൽ നടപ്പാക്കുന്ന ശമ്പളപരിഷ്കരണം ഇനി 2026ലാകും നടപ്പാക്കുക.

Related Articles

Back to top button