
ഹോണ്ടയുടെ ഐതിഹാസിക വാഹനങ്ങളിൽ ഇന്നും തലയെടുപ്പോടെ നിരത്തിലുള്ള മോഡലാണ് സിവിക് എന്ന പ്രീമിയം സെഡാൻ. 10 തലമുറകൾ പിന്നിട്ട് 11-ാം തലമുറയിൽ എത്തി നിൽക്കുന്ന ഈ വാഹനത്തിന്റെ ആദ്യ ചിത്രങ്ങൾ ഹോണ്ട പുറത്തിറക്കി. സിവിക്കിന്റെ പുതുതലമുറ മോഡലിന്റെ ചിത്രങ്ങൾ മാത്രമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഈ വാഹനത്തിന്റെ മെക്കാനിക്കൽ വിവരങ്ങളും മറ്റ് ഫീച്ചറുകളും ഏപ്രിൽ 28-ാം തിയതി വെളിപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ. 2022-ഓടെ ആയിരിക്കും സിവിക്കിന്റെ പുതിയ മോഡൽ നിരത്തുകളിൽ എത്തുകയെന്നാണ് വിവരം.

കഴിഞ്ഞ നവംബറിൽ ഈ വാഹനത്തിന്റെ കൺസെപ്റ്റ് അവതരിപ്പിച്ചിരുന്നു. കൺസെപ്റ്റ് മോഡലുമായി പൂർണമായും നീതി പുലർത്തിയാണ് പ്രൊഡക്ഷൻ മോഡൽ എത്തിയിട്ടുള്ളതെന്നാണ് ആദ്യം ചിത്രം സൂചിപ്പിക്കുന്നത്.രൂപത്തിൽ മുൻതലമുറ സിവിക്കിന് സമാനമാണ് പുതിയ മോഡൽ. എന്നാൽ, കാഴ്ചയിൽ കൂടുതൽ ആകർഷകമാക്കുന്നതിനായി ഏതാനും മാറ്റങ്ങൾ ഡിസൈൻ ഫീച്ചറുകൾ ഈ വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. എൽ ഷേപ്പിലുള്ള എൽ.ഇ.ഡി. ഡി.ആർ.എൽ, സിറ്റിയിൽ പുതുതലമുറ സിറ്റിയിലേതിന് സമാനമായി വലിപ്പം ഉയർത്തിയിട്ടുള്ള ഹെഡ്ലൈറ്റ്, ബ്ലാക്ക് അവരണത്തിൽ നൽകിയിട്ടുള്ള ഫോഗ് ലാമ്പ് എന്നിവയാണ് ഈ വാഹനത്തിൽ വരുത്തിയിട്ടുള്ള പുതുമ.സിവിക്കിന്റെ ഇന്റീരിയർ സംബന്ധിച്ച് സസ്പെൻസ് ഇപ്പോഴും തുടരുകയാണ്. എന്നാൽ, അടുത്തിടെ പുറത്തുവിട്ട സ്കെച്ചിന്റെ അടിസ്ഥാനത്തിൽ പുതിയ ഡിസൈനിലുള്ള ഡാഷ്ബോർഡാണ് സിവിക്കിൽ നൽകിയിട്ടുള്ളത്. വലിയ ടച്ച് സ്ക്രീൻ യൂണിറ്റും ഇൻസ്ട്രുമെന്റ് ക്ലെസ്റ്ററുമെല്ലാം അകത്തളത്തെ ആകർഷകമാക്കുമെന്നാണ് സൂചനകൾ. മുൻ തലമുറ മോഡലിനെക്കാൾ പ്രീമിയം ആയിരിക്കും പുതുതലമുറയുടെ അകത്തളമെന്നാണ് പ്രതീക്ഷിക്കുന്നത്.മെക്കാനിക്കൽ ഫീച്ചറുകൾ ദിവസങ്ങൾക്കുള്ളിൽ വെളിപ്പെടുത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.