
മാതൃസ്ഥാപനമായ ഹ്യൂണ്ടായി മോട്ടോഴ്സിൻ്റെ വെന്യു മാതൃകയാക്കി ദക്ഷിണ കൊറിയൻ നിർമാതാക്കളായ കിയ,കോംപാക്ട് എസ്‌യുവി വിപണിയിലേക്ക് പുതുതായി അവതരിപ്പിക്കുന്ന സോണറ്റിൻ്റ അരങ്ങേറ്റം 18ന്. പെട്രോൾ, ഡീസൽ എൻജിനുകളോടുകൂടിയാണ് കമ്പനി സോണറ്റ് അവതരിപ്പിക്കുന്നത്.
കാറിലെ 1.2 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിന് കരുത്തേകുന്നത് അഞ്ചു സ്പീഡ് മാനുവൽ ഗിയർബോക്സാണ്. 83 ബിഎച്ച്പി വരെ കരുത്താണ് ഈ എൻജിൻ സൃഷ്ടിക്കുക. ഒരു ലിറ്റർ, ടർബോ പെട്രോൾ എൻജിനാവട്ടെ 120 ബി എച്ച് പിയോളം കരുത്ത് സൃഷ്ടിക്കും. ക്ലച്ച് രഹിത മാനുവൽ ട്രാൻസ്മിഷനായ ആറു സ്പീഡ് ഐ എം ടി ഗിയർബോക്സിനു പുറമേ ഏഴു സ്പീഡ് ഡി സി ഡി ഓട്ടോമാറ്റിക് ഗിയർബോക്സും ഈ എൻജിനൊപ്പം ലഭിക്കും.
സൗകര്യത്തിലേയും സംവിധാനത്തിലേയും ധാരാളിത്തമെന്ന കിയ ശൈലി ഈ പുതിയ മോഡലിലും പ്രതീക്ഷിക്കാം. ലതറൈറ്റ് അപ്ഹോൾസ്ട്രി, ആംബിയൻ്റ് ലൈറ്റിങ്, വെൻ്റിലേറ്റഡ് മുൻ സീറ്റ്, സൺ റൂഫ്, മുന്നിലെ പാർക്കിംഗ് സെൻസർ, ക്രൂസ് കൺട്രോൾ, ആപ്പിൾ കാർ പ്ലേയും ആൻഡ്രോയ്ഡ് ഒാട്ടോയും സഹിതം 10.25 ഇഞ്ച് ടച്ച് സ്ക്രീൻ , കണക്ടഡ് കാർ സാങ്കേതികവിദ്യ, ബോസ് ഓഡിയോ സിസ്റ്റം, എയർ പ്യൂരിഫയർ തുടങ്ങിയ സംവിധാനങ്ങളും പ്രതീക്ഷിക്കാം.
രണ്ടു മോഡൽ ശ്രേണികളോടെയാവും സോണിന്റെ വരവ്. ടെക് ലൈനും ജിടി ലൈനും. ഇരുവിഭാഗത്തിലുമായി ആകെ 6 വകഭേദങ്ങളാണ് കിയ അണിനിരത്തുന്നത്. ടെക്ക് ലൈനിൽ എച്ച്ടിഇ, എച്ച്ടികെ, എച്ച്ടികെ പ്ലസ്, എച്ച്ടിഎക്സ്, എച്ച്ടി എക്സ് പ്ലസ് എന്നീ വകഭേദങ്ങളുള്ളപ്പോൾ ജിടി ലൈനിൽ ഉയർന്ന പതിപ്പായ ജിടിഎകസ്പ്ലസ് മാത്രമാണുണ്ടാവുക.