
ഇന്ത്യൻ വിപണിയിലിറക്കുന്ന മോട്ടോർ സൈക്കിളുകളുടെ വില വർദ്ധിപ്പിക്കാൻ റോയൽ എൻഫീൽഡ് തീരുമാനിച്ചു. മലിനീകരണ നിയന്ത്രണത്തിൽ ബിഎസ് 6 നിലവാരം നടപ്പാക്കിയതിനു ശേഷം റോയൽ എൻഫീൽഡ് വാഹനങ്ങൾക്ക് വില വർധിപ്പിക്കുന്നത് ഇത് രണ്ടാം തവണയാണ്. ഇക്കഴിഞ്ഞ മേയിൽ വാഹന വിലയിൽ 3000 രൂപയുടെ വർധനയാണ് കമ്പനി നടപ്പാക്കിയത്.
വിലവർധന നിലവിൽവരുന്നതോടെ ക്ലാസിക് 350, ബുള്ളറ്റ് 350, കോണ്ടിനെന്റൽ ജിടി 650,ഹിമാലയൻ, ഇൻറർസെപ്ടർ 650 തുടങ്ങിയ മോഡലുകളുടെ വിലയിൽ 1,800 മുതൽ 2,800 രൂപ വരെ വർദ്ധനയുണ്ടാകും. റോയൽ എൻഫീൽഡ് വാഹന ശ്രേണിയിലെ ഏറ്റവും വിലകുറഞ്ഞ മോഡലായ ബുള്ളറ്റ് എക്സ് 350 വാങ്ങണമെങ്കിൽ ഇനി 1.27 ലക്ഷം രൂപ മുടക്കണം. 2,800 രൂപയുടെ വർധനവാണ് ഇതിൻറെ വിലയിലുണ്ടായത്. ഇതിനു പുറമേ ബുള്ളറ്റിനെ സാധാരണ പതിപ്പിന്റെ വില 1.33 ലക്ഷം രൂപയായും ഇലക്ട്രിക് സ്റ്റാർട്ടുള്ള പതിപ്പിന്റെ വില 1.42 ലക്ഷം രൂപയായി ഉയർന്നു.

ഫ്ലാഗ്ഷിപ്പ് മോഡലുകളായ ഇൻറർസെപ്ടർ 650,കോണ്ടിനെന്റൽ ജിടി 650 എന്നിവയുടെ വിലയിൽ 1,800 രൂപ വീതമാണ് വർധനയുണ്ടായത്. ഈ വർധനയോടെ ഇൻറർസെപ്ടർ 650 ശ്രേണിയുടെ വില 2.66 – 2.97 ലക്ഷം രൂപ വരെയായി. ഇതിനു സമാനമായി കഫെ റേസർ ശൈലിയിലുള്ള കോണ്ടിനെന്റൽ ജിടി 650 ന്റെ വിലയാവട്ടെ 2.85 ലക്ഷം രൂപ മുതൽ 3.03 ലക്ഷം രൂപ വരെയാണ് ഉയർന്നത്.
ഉപഭോക്താക്കളുടെ പ്രിയപ്പെട്ട മോഡലായ ക്ലാസിക് 350 വിലയിൽ 1,800 രൂപയുടെ വർധനവാണുണ്ടായത്. ഇതോടെ സിംഗിൾ ചാനൽ എബിഎസുള്ള മോഡലിന്റെ വില 1.61 ലക്ഷം രൂപയായും ഇരട്ട ചാനൽ എഭിഎസുള്ള മോഡലിന്റെ വില 1.69 ലക്ഷം രൂപ മുതൽ 1.86 ലക്ഷം രൂപ വരെയായി ഉയർന്നു. ഹിമാലയൻ മോഡലിന്റെ വിലയിലും 1800 രൂപയാണ് വർധനവാണുണ്ടായിരിക്കുന്നത്. ഇതോടെ ഇതിൻറെ വില 1.91 ലക്ഷം രൂപ മുതൽ 1.95 ലക്ഷം രൂപ വരെയായി ഉയരും.